
ന്യൂഡൽഹി: ജന്തർ മന്തറിൽ സിജെപി ആരംഭിച്ച സമരം കൂടുതൽ ശക്തമാകുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധത്തിനിടെ കോൺഗ്രസ് എംപിമാർ കൈകൾ കൂട്ടിക്കെട്ടി പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ നേരിയ ഉന്തുംതള്ളും ഉണ്ടായി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് മാറ്റി.
യുവാക്കളെ നേരിട്ട പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങളുടെ ഭാവി സർക്കാർ തകർക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ഇതിനുമുമ്പ് സമരത്തിന് പിന്തുണ അറിയിച്ച് ഇടത് എംപിമാരും ജന്തർ മന്തറിലെത്തിയിരുന്നു. പരീക്ഷാ ക്രമക്കേടുകളെതിരായ യുവജനങ്ങളുടെ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, സമരത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ വഴി ജന്തർ മന്തർ സമരവേദിയിലേക്ക് ഭക്ഷണപ്പൊതികൾ എത്തുന്നുണ്ട്. സമരവേദിയുടെ ലൊക്കേഷൻ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500-ലധികം ഭക്ഷണപ്പൊതികൾ ഇതിനകം ലഭിച്ചതായി വളണ്ടിയർമാരും ഡെലിവറി ജീവനക്കാരും അറിയിച്ചു.










